നെല്‍കര്‍ഷകർക്കുള്ള വായ്പാ വിതരണത്തില്‍നിന്നു കാനറാബാങ്ക് പിന്മാറി
Tuesday, April 29, 2025 2:51 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: കാനറാ ബാങ്ക് പിആര്‍എസ് വായ്പാ പദ്ധതിയില്‍ നിന്ന് കരാര്‍ പുതുക്കാതെ പിന്മാറിയതുമൂലം വായ്പാ വിതരണം നിലച്ചു. ഇതോടെ സംസ്ഥാനത്തുടനീളം നെല്‍കര്‍ഷകരും ചെറുകിട സംരംഭകരും കടുത്ത ബുദ്ധിമുട്ടിലായി. സര്‍ക്കാരുമായുള്ള കരാര്‍പ്രകാരം 9.5ശതമാനം പലിശക്കാണ് ഇതുവരെ പിആര്‍എസ് ഗാരന്റിയില്‍ കര്‍ഷകര്‍ക്ക് കാനറാ ബാങ്ക് വായ്പ നല്‍കിയിരുന്നത്.
പലിശനിരക്ക് 9.75 ശതമാനം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കാനറാബാങ്ക് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതു പരിഗണിക്കാതെ വന്നതോടെയാണ് പിആര്‍എസ് സ്വീകരിക്കാന്‍ ബാങ്ക് വൈമനസ്യംകാട്ടുന്നത്. ഇതുമൂലം നെല്ല് എടുത്ത വകയില്‍ സിവില്‍സപ്ലൈസ് വകുപ്പ് നല്കിയ പിആര്‍എസുമായി കര്‍ഷകര്‍ കാനറാ ബാങ്ക് ശാഖകളില്‍ കയറിയിറങ്ങുകയാണ്.
പിആര്‍എസ് സ്വീകരിച്ച് കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിന് ഈവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ എസ്ബി ഐയേയും കാനറാബാങ്കിനേയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കാനറാബാങ്ക് പിആര്‍എസ് എടുക്കേണ്ടെന്നു തീരുമാനിച്ച സാഹചര്യത്തില്‍ എസ്ബിഐ മാത്രമാണ് പിആര്‍എസ് സ്വീകരിച്ച് വായ്പ നല്‍കുന്നത്.
മാര്‍ച്ച് 15വരെയുള്ള പിആര്എസിനു മാത്രമാണ് എസ്ബിഐ വായ്പകള്‍. ഇതിനുശേഷം നടന്ന നെല്ലുസംഭരണത്തിന്റെ കോടികള്‍ വരുന്ന തുകയുടെ പിആര്‍എസ് എസ്ബിഐ സ്വീകരിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് വായ്പ നല്‍കിയിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തി പുതുക്കിയ കരാറുകള്‍വഴി പിആര്‍എസ് സ്വീകരിച്ച് കര്‍ഷകര്‍ക്ക് വായ്പാ വിതരണം നടത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.
പിആര്‍എസ് സ്വീകരിച്ച് വായ്പാ വിതരണം നടത്തി കര്‍ഷകരുടെ പ്രശ്നം സത്വരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും നെല്‍കര്‍ഷക സംസ്ഥാന സംരക്ഷണ സമതി രക്ഷാധികാരി വി.ജെ.ലാലിയും ജനറല്‍സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്നും പറഞ്ഞു.