കേജരിവാളിന്റെ സത്യപ്രതിജ്ഞ നാളെ; മോദിക്കും ക്ഷണം
Saturday, February 15, 2020 12:46 AM IST
ന്യൂഡൽഹി: മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കേജരിവാൾ. നാളെ രാവിലെ പത്തിന് കേജരിവാളും മന്ത്രിമാരും ഡൽഹി രാംലീല മൈതാനിയിൽ വൻ ജനക്കൂട്ടത്തിനു മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഡൽഹിയിലുള്ളവരെ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിനു ക്ഷണിക്കുകയെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയക്കാർക്കോ മുഖ്യമന്ത്രിമാർക്കോ ക്ഷണമില്ല. കേജരിവാളിനെ അനുകരിച്ച് മഫ്ളറും കണ്ണടയും ധരിച്ച കുട്ടി മഫ്ളർമാൻ ഒരു വയസുകാരൻ അവ്യാൻ തോമറിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
എഴുപതംഗ ഡൽഹി നിയമസഭയിൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ ബിജെപി മൂന്ന് സീറ്റുകളിൽ മാത്രമാണ് വിജയിച്ചതെങ്കിൽ ഇത്തവണ എട്ട് സീറ്റ് നേടാനായി.