ഭീകരരെ സഹായിച്ചു; കാഷ്മീരിൽ കൊല്ലപ്പെട്ട ഭീകരന്റെ അമ്മ അറസ്റ്റിൽ
Monday, June 29, 2020 12:32 AM IST
ശ്രീനഗർ: യുവാക്കളെ ഭീകരക്യാന്പുകളിലെത്തിക്കാൻ സഹായിച്ച സ്ത്രീയെ ജമ്മു കാഷ്മീർ പോലീസ് അറസ്റ്റ് ചെയ്തു. കുൽഗാമിലെ റാംപോറ നിവാസി നസീമ ബാനുവാണു യുഎപിഎ നിയമപ്രകാരം അറസ്റ്റിലായത്. 2018 മേയ് ആറിന് ഷോപ്പിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുവാവിന്റെ അമ്മയാണ് നസീമ ബാനു. അന്നത്തെ ഏറ്റുമുട്ടലിൽ കാഷ്മീർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ മുഹമ്മദ് റാഫി ഭട്ട് ഉൾപ്പെടെ നാലുപേരെയാണു സുരക്ഷാസേന വധിച്ചത്.
വിധ്വംസക പ്രവർത്തനങ്ങളെ സഹായിക്കുന്ന ഒട്ടേറെ ഓൺലൈൻ സന്ദേശങ്ങൾ നസീമ ബാബു പ്രചരിപ്പിച്ചിരുന്നു. എകെ 47 തോക്കുമായി നിൽക്കുന്ന മകനോടൊപ്പമുള്ള ചിത്രവും ഇതിലുണ്ട്. കുറഞ്ഞത് രണ്ടു യുവാക്കളെയെങ്കിലും ഭീകരക്യാന്പിലെത്തിക്കാൻ ഇവർ ശ്രമിച്ചിരുന്നതായും അന്വേഷണസംഘം വെളിപ്പെടുത്തി. ഭീകരർക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നതിന് ഇവർ ശ്രമിച്ചതായും തെളിവുണ്ടെന്നു പോലീസ് പറഞ്ഞു.
നസീമ ബാനുവിനെ അറസ്റ്റ് ചെയ്തതിനെതിരേ ചില കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ സ്ത്രീ എന്ന പരിഗണന നൽകി അറസ്റ്റിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും വിമർശകർക്ക് പോലീസിനെ സമീപിക്കാമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.