സെപ്റ്റംബറിൽ പരീക്ഷ: യുജിസി തീരുമാനത്തിനെതിരേ രാഹുൽ
Saturday, July 11, 2020 12:49 AM IST
ന്യൂഡൽഹി: കോവിഡ് ഭീതി നിലനിൽക്കുന്പോഴും സർവകലാശാല അവസാന വർഷ പരീക്ഷകൾ സെപ്റ്റംബറിൽ നടത്താനുള്ള യുജിസി തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധിക്കിടയിൽ പരീക്ഷകൾ നടത്തുന്നതു തീർത്തും അനുചിതമാണ്. യുജിസി ഇക്കാര്യത്തിൽ വിദ്യാർഥികളുടെയും വിദഗ്ധരുടെയും വാക്കുകൾ കേൾക്കണം. പരീക്ഷകൾ റദ്ദാക്കി വിദ്യാർഥികൾക്കു മുൻകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പാസാക്കുന്ന നടപടി സ്വീകരിക്കണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കോവിഡ് ജനങ്ങളെ ഒട്ടാകെ വലച്ചിരിക്കുകയാണ്. വിദ്യാർഥികളും സ്കൂളുകളും കോളജുകളും നട്ടം തിരിയുകയാണ്. ഐഐടികൾ പോലും പരീക്ഷകൾ റദ്ദാക്കി. എന്നിട്ടും യുജിസി വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ കുറ്റപ്പെടുത്തി.