ഷർട്ടിടാതെ വാദിക്കാനെത്തിയ അഭിഭാഷകനു സുപ്രീംകോടതിയുടെ ശകാരം
Wednesday, December 2, 2020 12:06 AM IST
ന്യൂഡൽഹി: വീഡിയോ കോണ്‍ഫറൻസിലൂടെയുള്ള വാദത്തിനു ഷർട്ടിടാതെ എത്തിയ അഭിഭാഷകനെ ശകാരിച്ച് സുപ്രീംകോടതി. ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കേസിലെ വാദത്തിനിടെയാണ് ജസ്റ്റീസുമാരായ എൽ. നാഗേശ്വർ റാവുവും ഹേമന്ത് ഗുപ്തയും മലയാളിയായ യുവ അഭിഭാഷകന്റെ നടപടിയെ വിമർശിച്ചത്.
വീഡിയോ കോണ്‍ഫറൻസ് വഴിയുള്ള കോടതി നടപടികൾ തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞിട്ടും ഇത്തരം അശ്രദ്ധകൾ ആവർത്തിക്കുകയാണെന്നു കോടതി കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസവും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചിന്റെ മുന്‍പിലും ഷർട്ടിടാതെ അഭിഭാഷകനെത്തിയതിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. ഏതാനും സെക്കൻഡുകൾ മാത്രമേ അഭിഭാഷകനെ ഷർട്ടില്ലാതെ കണ്ടുള്ളുവെങ്കിലും ഇത്തരം അശ്രദ്ധകൾ ഉണ്ടാകരുതെന്നു താക്കീത് നൽകണമെന്നു സോളിസിറ്റർ ജനറലിനോടു നിർദേശിച്ചിരുന്നു.