കോവിഡിന്റെ രണ്ടാംവരവിൽ ഫംഗൽ അണുബാധ വർധിക്കുന്നു
Monday, May 10, 2021 12:44 AM IST
അഹമ്മദാബാദ്: കോവിഡിന്റെ രണ്ടാം വരവിൽ ഫംഗൽ അണുബാധ വ്യാപകമായി ഉയരുന്നതായി റിപ്പോർട്ട്. അന്ധതയ്ക്കും ഗുരുതര രോഗങ്ങൾക്കും മരണത്തിനും വരെ ഇതു കാരണമായേക്കുമെന്നു മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു.
തന്റെ ആശുപത്രിയിൽ അന്പതിലേറെ ഫംഗൽ അണുബാധ രോഗികൾ ചികിത്സയ്ക്കായി എത്തിയെന്നും അറുപതിലേറെ പേർ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നും സൂറത്തിലെ കിരൺ സൂപ്പർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ചെയർമാൻ മാഥുർ സാവനി പറഞ്ഞു. മൂന്നാഴ്ചയ്ക്കിടെയാണ് ഈയിടെ കോവിഡ് മുക്തരായ ഇവർ ആശുപത്രിയിലെത്തിയതെന്നും ഏഴു രോഗികൾക്കു കാഴ്ചശക്തി നഷ്ടമായെന്നും സാവനി കൂട്ടിച്ചേർത്തു.
അഹമ്മദാബാദിൽ അഞ്ചു മുതൽ പത്തു വരെ ഫംഗൽ അണുബാധ കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആസർവയിലെ സിവിൽ ആശുപത്രിയിലെ ഡോ. ദേവാംഗ് ഗുപ്ത പറഞ്ഞു. അഞ്ചിലൊന്നു രോഗികൾക്കും അന്ധത ബാധിച്ചു.
മഹാരാഷ്ട്രയിൽ എട്ടു പേർ ഫംഗൽ അണുബാധ മൂലം മരിച്ചു. ഇരുനൂറിലേറെ പേർ ചികിത്സയിലാണെന്നു സംസ്ഥാന സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് തലവൻ ഡോ. തത്യറാവു ലഹാനെ പറഞ്ഞു. രോഗികൾ കോവിഡിനെ അതിജീവിച്ചെങ്കിലും അവരുടെ പ്രതിരോധശേഷി കുറഞ്ഞു. ഈ രോഗം പുതിയതല്ല. എന്നാൽ സ്റ്റിറോയ്ഡുകളുടെ ഉപയോഗം മ ൂലം രക്തത്തിലെ ഷുഗർനില ഉയരുന്നു. ഇത്തരം സാഹചര്യത്തിൽ ഫംഗസ് അനായാസം ശരീരത്തിൽ പ്രവേശിക്കുന്നു. തലച്ചോറിൽ അത് എത്തിയാൽ മരണം വരെ സംഭവിക്കാം. ഒരു കേസിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഒരു കണ്ണു നീക്കം ചെയ്യേണ്ടി വന്നു. ബ്ലാക്ക് ഫംഗസ് എന്നും ഈ ഫംഗസ് അറിയപ്പെടുന്നു. തലവേദന, പനി, കണ്ണിനു താഴെ വേദന, കാഴ്ചതടസം തുടങ്ങിയവയാണു രോലക്ഷണങ്ങൾ- ഡോ. തത്യറാവു ലഹാനെ കൂട്ടിച്ചേർത്തു.
ഫംഗൽ അണുബാധയുടെ ചികിത്സയ്ക്കു ചെലവേറും. രോഗിക്ക് 21 ദിവസം കുത്തിവയ്പ് എടുക്കേണ്ടിവരും. ഒരു കുത്തിവയ്പിന് 9,000 രൂപയാകും.