ആസാമിൽ ഹിമന്ത ബിശ്വ ശർമ അധികാരമേറ്റു
Tuesday, May 11, 2021 12:40 AM IST
ഗോഹട്ടി: ആസാമിന്റെ പതിനഞ്ചാമതു മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോഹട്ടിയിലെ ശ്രീമന്മതാ ശങ്കരദേവ കലാക്ഷേത്രയിൽ നടന്ന ചടങ്ങിൽ ഗവർണർ ജഗദീഷ് മുക്തി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം പതിമൂന്ന് മന്ത്രിമാരും ചുമതലയേറ്റു. ഇതിൽ പത്തുപേർ ബിജെപിയിൽനിന്നാണ്.
സംസ്ഥാന അധ്യക്ഷൻ രൻജീത് കുമാർ ദാസ്, സർബാനന്ദ സോനോവാൾ മന്ത്രിസഭയിലും അംഗങ്ങളായിരുന്ന ചന്ദ്രമോഹൻ പാതോവാരി, പരിമർ ശുക്ലവൈദ്യ, ജോഗേഷ് മോഹൻ, സഞ്ജയ് കിഷൻ എന്നിവരാണു മന്ത്രിമാരിൽ പ്രമുഖർ. രനാജ് പിഗു, ബിമർ ബോറ, അജന്ത നിയോഗ് എന്നീ പുതുമുഖങ്ങൾക്കും അവസരം നൽകി. ഖ്യകക്ഷിയായ എജിപിയുടെ അതുൽ ബോറയും കേശവ് മൊഹന്ദയും മുൻ രാജ്യസഭാംഗം യു.ജി. ബർമയും കാബിനറ്റിൽ ഇടംനേടി.
ബിജെപി അധ്യക്ഷൻ ജെ. പി. നഡ്ഡ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, രമേശ് തേലി തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങളിൽ പങ്കെടുത്തു.