വാക്സിൻ: 18 കഴിഞ്ഞവർക്കു മുൻകൂട്ടി രജിസ്ട്രേഷൻ വേണ്ടെന്നു കേന്ദ്രം
Wednesday, June 16, 2021 2:04 AM IST
ന്യൂഡൽഹി: പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്ട്രേഷൻ ഇല്ലാതെ തൊട്ടടുത്തുള്ള കേന്ദ്രങ്ങളിൽനിന്ന് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ.
വാക്സിൻ ലഭിക്കാൻ ഇനി മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ സ്ലോട്ട് ബുക്ക് ചെയ്യുകയോ വേണ്ടെന്നാണു കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനും രാജ്യത്തു പലയിടത്തും ശ്രദ്ധയിൽ പെട്ട വാക്സിൻ വിരുദ്ധത തടയാനുമാണു പുതിയ നടപടി. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
മുൻകൂർ രജിസ്ട്രേഷനില്ലാതെ പതിനെട്ട് വയസിനു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് ചെന്ന് രജിസ്റ്റർ ചെയ്തു മരുന്ന് സ്വീകരിക്കാം. പതിനെട്ടിനും 44നും ഇടയിലുള്ളവർ ഇന്ത്യയിൽ വലിയ ജനസംഖ്യയാണ്. ഇവർക്ക് അതിവേഗം വാക്സിൻ നൽകുന്നത് സാന്പത്തിക, വ്യാപാര മേഖലയിൽ കൂടുതൽ ഉണർവേകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.