കരിപ്പൂർ: പാർലമെന്റ് മാർച്ച് ഇന്ന്
Tuesday, November 30, 2021 12:34 AM IST
ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽനിന്നു വലിയ വിമാനങ്ങളുടെ സർവീസിന് അനുമതി നിഷേധിച്ചതു പിൻവലിക്കുക, ഹജ്ജ് എംബാർക്കേഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മലബാർ വികസന സമിതിയുടെ പാർലമെന്റ് മാർച്ച് ഇന്ന്.
വിദേശയാത്രയ്ക്കുള്ള ആർടിപിസിആർ നിരക്ക് കുറയ്ക്കുക, യൂസർ ഫീ കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
രാവിലെ പത്തിന് ആരംഭിക്കുന്ന മാർച്ചിൽ എംപിമാരായ എളമരം കരീം, കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, അബ്ദുസമദ് സമദാനി, ബിനോയ് വിശ്വം, ശ്രേയാംസ് കുമാർ, ജോണ് ബ്രിട്ടാസ്, ഡോ. ശിവദാസ് എന്നിവർ പങ്കെടുക്കുമെന്ന് സമിതി ചെയർമാൻ യു.എ. നസീർ, പ്രസിഡന്റ് എസ്.എ. അബൂബക്കർ, ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹ്മാൻ, ട്രഷറർ സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.