കാഷ്മീരിൽ ബിഹാറുകാരനെ ഭീകരർ കൊന്നു
Saturday, August 13, 2022 2:59 AM IST
ശ്രീനഗർ: ബിഹാറുകാരനായ തൊഴിലാളിയെ കാഷ്മീരിൽ ഭീകരർ വെടിവച്ചു കൊന്നു. ബന്ദിപോറ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം.
മുഹമ്മദ് അമ്രേസ് ആണു കൊല്ലപ്പെട്ടത്. അമ്രേസും സഹോദരനും ഉറങ്ങുന്നതിനിടെ വെടിയൊച്ച കേട്ടിരുന്നു. ഇവരുടെ മറ്റൊരു സഹോദരൻ മുറിയിലായിരുന്നു. ഇയാളെ തിരക്കി അമ്രേസ് താഴേക്കിറങ്ങി ചെന്നപ്പോഴായിരുന്നു ഭീകരർ വെടിവച്ചത്.
പരിക്കേറ്റ അമ്രേസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഈ വർഷം കാഷ്മീരിൽ ഭീകരർ കൊലപ്പെടുത്തിയ നാലാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് അമ്രേസ്. ഇന്നലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയ്ക്കു നേരേ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു പോലീസുകാരനു പരിക്കേറ്റു.