രാഹുലിനു പുതിയ പാസ്പോർട്ട് ലഭിച്ചു; തിങ്കളാഴ്ച യുഎസിലേക്ക്
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് പുതിയ പാസ്പോർട്ട് അനുവദിച്ചു. പാർലമെന്റ് എംപി എന്ന നിലയിലുള്ള നയതന്ത്ര പാസ്പോർട്ട് തിരികെ നല്കിയതിനു പിന്നാലെ പുതിയ പാസ്പോർട്ടിന് രാഹുൽ അപേക്ഷ നല്കിയിരുന്നു. മൂന്നുവർഷം കാലാവധിയുള്ള പുതിയ പാസ്പോർട്ട് രാഹുലിന് അനുവദിക്കാൻ ഡൽഹി റോസ് അവന്യു കോടതി വെള്ളിയാഴ്ച നിർദേശിച്ചിരുന്നു.
പുതിയ പാസ്പോർട്ട് ലഭ്യമായതോടെ ഇന്ന് രാഹുൽ യുഎസിലേക്കു പോകും. അപകീർത്തി കേസിൽ കോടതി രണ്ടുവർഷം ശിക്ഷിച്ചതോടെ രാഹുലിന് എംപി സ്ഥാനം നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് നയതന്ത്ര പാസ്പോർട്ട് തിരികെ നല്കിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി വിദ്യാർഥികളുമായുള്ള സംവാദം, ഇന്ത്യൻ വംശജരുമായി കൂടിക്കാഴ്ച, ന്യൂയോർക്കിൽ പൊതുസമ്മേളനം തുടങ്ങിയവയാണ് യുഎസിൽ രാഹുലിന്റെ പരിപാടികൾ.