ഭീകരത അമർച്ച ചെയ്യാൻ പാക്കിസ്ഥാനെ സഹായിക്കാം: രാജ്നാഥ് സിംഗ്
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: ഭീകരവാദത്തെ ഒറ്റയ്ക്കു നേരിടാൻ സാധിക്കില്ലെങ്കിൽ പാക്കിസ്ഥാനെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ഭീകരവാദം ഉപയോഗിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ പാക്കിസ്ഥാൻ അനുഭവിക്കേണ്ടിവരുമെന്നും വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി.
മറ്റു രാജ്യങ്ങളിലേക്ക് അതിർത്തി കടന്നുപോകുന്ന ഭീകരരെ അവിടെയെത്തി വധിക്കാനും ഇന്ത്യ മടിക്കില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യില്ല.
എന്നാൽ, ആരെങ്കിലും ഇന്ത്യക്കോ ഇന്ത്യയുടെ സമാധാനത്തിനോ ഭീഷണിയായാൽ വെറുതെ വിടില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ, രാജ്നാഥ് സിംഗിന്റെ പരാമർശങ്ങൾ പ്രകോപനപരമാണെന്നും പാക്കിസ്ഥാന് സ്വയം രക്ഷിക്കാനും പ്രതിരോധിക്കാനും കഴിവുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നതായും പാക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.