സംഘർഷം : ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ഒഴിവാക്കണമെന്നു കേന്ദ്രം
Saturday, April 13, 2024 1:52 AM IST
ന്യൂഡൽഹി: സിറിയയിലെ എംബസി ആക്രമണത്തിന്റെ പേരിൽ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാനും ആക്രമിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേലും പരസ്പരം ഭീഷണി മുഴക്കിയിരിക്കേ ഇരു രാജ്യങ്ങളിലേക്കുമുള്ള സന്ദർശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കി കേന്ദ്ര വിദേശകാര്യമന്ത്രാലയം.
ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാർ അതത് ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. സുരക്ഷയെക്കരുതി നിതാന്ത ജാഗ്രത പുലർത്തണമെന്നും യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കു നിർദേശമുണ്ട്.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രാദേശിക അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് നിർദേശിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റിപ്പോർട്ട്.