അമേഠി: റോബർട്ട് വാദ്രയുടെ ആവശ്യം കോണ്ഗ്രസ് തള്ളി
Sunday, April 14, 2024 1:02 AM IST
ന്യൂഡൽഹി: അമേഠിയിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ആവശ്യം കോണ്ഗ്രസ് തള്ളി. മത്സരിക്കാൻ തനിക്കു താത്പര്യമുണ്ടെന്ന് വാദ്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു.
പരിവാർ പാർട്ടി (കുടുംബപാർട്ടി) എന്ന മോദിയുടെ പരിഹാസം കോണ്ഗ്രസിനുമേൽ നിൽക്കുന്പോഴാണ് വാദ്ര മത്സരിക്കാൻ താത്പര്യം അറിയിച്ചത്. ഇതു കോണ്ഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നതിനാൽ പ്രിയങ്കയും സമ്മർദത്തിലായി.
ഡിഎൽഎഫ് ഉൾപ്പെടെ വാദ്രയ്ക്കെതിരേയുള്ള അഴിമതിക്കേസുകളും പൊങ്ങിവരാൻ സാധ്യതയുള്ളതിനാൽ കോണ്ഗ്രസ് നേതൃത്വം സ്ഥാനാർഥിത്വം നിഷേധിക്കുകയായിരുന്നു.
അമേഠിയിൽ രാഹുൽ ഗാന്ധിതന്നെ മത്സരിക്കണമെന്നാണു കോണ്ഗ്രസിന്റെ ആഗ്രഹം. തെരഞ്ഞെടുപ്പു യോഗങ്ങളിൽ ഈ ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണു കോണ്ഗ്രസ് നീക്കം. നിലവിൽ വയനാട്ടിൽനിന്നു രാഹുൽ ജനവിധി തേടുന്നുണ്ട്. ഇതിനിടെ, അമേഠിയിൽ വാദ്ര സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.