ബിജെപി എംഎൽഎയുടെ കരണത്തടിച്ച അഭിഭാഷകന് സ്വീകരണമൊരുക്കി കർണി സേന
Monday, October 14, 2024 3:41 AM IST
ലഖിംപുർ ഖേരി: യുപിയിലെ ബിജെപി എംഎൽഎ യോഗേഷ് ശർമയുടെ കരണത്തടിച്ച ബിജെപിക്കാരനായ അഭിഭാഷകന് ഉജ്വല സ്വീകരണമൊരുക്കി ഹിന്ദുത്വ സംഘടനയായ കർണി സേന. ഇന്നലെ നടത്തിയ ശസ്ത്ര പൂജയ്ക്കിടെയാണ് അഡ്വക്കറ്റ് അവധേഷ് സിംഗിനെ കർണി സേന അനുമോദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലഖിംപുർ ഖേരി ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റായ അവധേഷ് സിംഗ് ഈ മാസം ഒന്പതിനാണ് ബിജെപി എംഎൽഎയെ കരണത്തടിച്ചത്. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെയായിരുന്നു കൈയാങ്കളി. അഭിഭാഷകനും ഭാര്യക്കും കാരണംകാണിക്കൽ നോട്ടീസ് നല്കിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല പറഞ്ഞു. ഇതിനിടെ, എംഎൽഎയ്ക്കു പിന്തുണയുമായി പട്ടേൽ സേവ സൻസ്ഥാൻ രംഗത്തെത്തി.