ഇറ്റാലിയൻ സർക്കാർ രാജിവയ്ക്കുന്നു
Tuesday, August 20, 2019 10:44 PM IST
റോം: ഇറ്റലിയിൽ പ്രധാനമന്ത്രി ഗിസെപ്പെ കോണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജി വയ്ക്കുന്നു. രാജിക്കത്ത് ഉടൻ പ്രസിഡന്റ് മറ്റെറെല്ലായ്ക്കു സമർപ്പിക്കുമെന്നു കോണ്ടി സെനറ്റ് യോഗത്തിൽ പ്രഖ്യാപിച്ചു. ലീഗ് പാർട്ടി നേതാവ് മറ്റെയോ സൽവീനിയുടെ അവസരവാദ സമീപനമാണു സർക്കാരിനെ വീഴ്ത്തിയതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ലീഗും ഫൈവ്സ്റ്റാർ പ്രസ്ഥാനവും ഉൾപ്പെട്ട ഭരണമുന്നണിക്കു തുരങ്കം വച്ച സൽവീനിയുടെ നടപടി നിരുത്തരവാദപരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തെരഞ്ഞെടുപ്പു വേണമെന്ന് ഈ മാസം എട്ടിനു തന്നെ സൽവീനി ആവശ്യപ്പെട്ടിരുന്നു.
ടൂറിനെ ലിയോൺസുമായി ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽവേ ലൈൻ നിർമാണത്തിനെതിരേ ഫൈവ്സ്റ്റാർ വോട്ടു ചെയ്തതാണ് സൽവീനിയെ പ്രകോപിപ്പിച്ചത്.
പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നടത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രസിഡന്റ് മറ്റെറെല്ലായുടേതാണ്. 2018 ജൂണിലാണ് ഫൈവ്സ്റ്റാർ-ലീഗ് മുന്നണിയുടെ കൂട്ടുകക്ഷി സർക്കാരിന്റെ പ്രധാനമന്ത്രിയായി കോണ്ടി ചുമതലയേറ്റത്.