“പൗലോസ് ശ്ലീഹ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരം കണ്ടെത്തി”
Monday, September 16, 2019 12:21 AM IST
ലണ്ടൻ: പൗലോസ് ശ്ലീഹ കപ്പലപകടത്തിൽപ്പെട്ട മാൾട്ടായുടെ തീരക്കടലിൽനിന്നു കിട്ടിയ നങ്കൂരം അദ്ദേഹം സഞ്ചരിച്ച കപ്പലിന്റേതാണെന്നു കരുതുന്നതായി ബൈബിൾ ആർക്കിയോളജി സെർച്ച് ആൻഡ് എക്സ്പ്ലോറേഷൻ എന്ന സംഘടന അറിയിച്ചു. തെക്കുകിഴക്കൻ മാൾട്ടയിലെ സെന്റ് തോമസ് ബേ ആയിരിക്കാം അപകടസ്ഥലമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി സംഘടനയുടെ സ്ഥാപകൻ ബോബ് കോർനൂക് പറഞ്ഞു.
തടവുകാരനായിരുന്ന പൗലോസ് ശ്ലീഹയെ റോമിലേക്കു കൊണ്ടുപോകുംവഴി കപ്പൽ അപകടത്തിൽപ്പെട്ട കാര്യം ബൈബിളിലെ അപ്പസ്തോലന്മാരുടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
മാൾട്ടാ തീരത്തുനിന്ന് 1960കളിൽ നാലു നങ്കൂരങ്ങൾ ലഭിച്ചിരുന്നു. ഇതിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. റോമൻ നിർമിതമായ ഇത് ആദ്യ നൂറ്റാണ്ടിലേതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് മാൾട്ടയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമായി.
നാലു നങ്കൂരങ്ങൾ താഴ്ത്തിയ കാര്യം ബൈബിളിൽ വിവരിക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ ആഴം 90 അടിയാണെന്നും ഇത് ബൈബിളിൽ പറയുന്ന കണക്കുമായി ഒത്തുപോകുന്നുണ്ടെന്നും കോർനുക് അവകാശപ്പെട്ടു.