മദീനയിൽ ബസ് അപകടം; 35 മരണം
Thursday, October 17, 2019 10:50 PM IST
റിയാദ്: സൗദിയിലെ മദീനയ്ക്കടുത്ത് ട്രക്കുമായി കൂട്ടിയിടിച്ച യാത്രാബസിനു തീപിടിച്ച് 35 പേർ വെന്തുമരിച്ചു. നാല്പതിനടുത്തു യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇതിൽ പത്തോളം പേർ ഇന്ത്യക്കാരാണെന്നു സൂചനയുണ്ട്. ഒരിന്ത്യക്കാരന്റെ മരണം സ്ഥിരീകരിച്ചു.
അപകടത്തിൽപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ജിദ്ദയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തോട് നിർദേശിച്ചതായി വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ അറിയിച്ചു.
ബുധനാഴ്ചയായിരുന്നു അപകടം. പടിഞ്ഞാറൻ സൗദിയിൽനിന്നു പുറപ്പെട്ട സ്വകാര്യബസ് മദീനയിൽനിന്ന് 170 കിലോമീറ്റർ അകലെ ഫിജറ റോഡിൽവച്ചാണ് അപകടത്തിൽപ്പെട്ടതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ഭൂരിഭാഗവും ഏഷ്യൻ- അറബ് വംശജരാണെന്നു സൂചനയുണ്ട്. നാലു പേർക്കു പരിക്കേറ്റു. ഇവരെ അൽ-ഹംന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.