ഗുരുനാനാക് ദേവ് ജന്മവാർഷികം: 2,200 ഇന്ത്യൻ സിക്കുകാർ നാൻകാന സാഹിബ് ഗുരുദ്വാരയിലെത്തി
Tuesday, November 5, 2019 11:59 PM IST
ലാഹോർ: സിക്ക് മതസ്ഥാപകൻ ഗുരുനാനാക് ദേവിന്റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽനിന്നുള്ള 2,200 സിക്ക് തീർഥാടകർ ഇന്നലെ പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലുള്ള നാൻകാന സാഹിബ് ഗുരുദ്വാരയിൽ എത്തി.
വാഗാ അതിർത്തിയിൽ ഇവരെ ഇവാക്വീ ട്രസ്റ്റ് പ്രോപർട്ടി ബോർഡ് അംഗങ്ങൾ സ്വീകരിച്ചു. ജന്മവാർഷികത്തോടനുബന്ധിച്ച് പഞ്ചാബിലെ ദേരാ ബാബാ നാനാക് തീർഥാടനകേന്ദ്രവും പാക്കിസ്ഥാനിലെ നാരോവാൽ ജില്ലയിലുള്ള കർതാർപുരും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ഉദ്ഘാടനം ഈ മാസം ഒൻപതിനു നടക്കും.
ഗുരുനാനാക് ദേവ് ജനിച്ച സ്ഥലത്താണ് ഗുരുദ്വാര പണികഴിപ്പിച്ചിരിക്കുന്നത്. കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങിലും 12നു നടക്കുന്ന ഗുരുനാനാക് ദേവിന്റെ ജന്മവാർഷിക ആഘോഷത്തിലും പങ്കെടുത്ത ശേഷം 14ന് ഇവർ ഇന്ത്യയിലേക്കു തിരിക്കും. ഇന്ത്യൻ തീർഥാടകർക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇവാക്വീ ട്രസ്റ്റ് പ്രോപർട്ടി ബോർഡ് ചെയർമാൻ ആമിർ അഹമ്മദ് പറഞ്ഞു.