രണ്ടു ബന്ദികളെ താലിബാൻ യുഎസ് സേനയ്ക്കു കൈമാറി
Tuesday, November 19, 2019 11:11 PM IST
കാണ്ഡഹാർ: മൂന്നു വർഷം മുന്പ് ബന്ദികളാക്കിയ രണ്ടു പ്രഫസർമാരെ താലിബാൻ ഇന്നലെ യുഎസ് സൈന്യത്തിനു കൈമാറി. കാബൂളിലെ അമേരിക്കൻ യൂണിവേഴ്സിറ്റി പരിസരത്തുനിന്ന് 2016 ഓഗസ്റ്റിൽ റാഞ്ചിയ അമേരിക്കൻ പ്രഫസർ കെവിൻ കിംഗ്, ഓസീസ് പ്രഫസർ തിമത്തി വീക്ക്സ് എന്നിവരെയാണു വിട്ടുകൊടുത്തത്. ഇവരെ മോചിപ്പിക്കുന്നതിനു പകരമായി അഫ്ഗാൻ സർക്കാരിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന മൂന്നു താലിബാൻ ഉന്നതരെ വിട്ടയച്ചു.
അനസ് ഹഖാനി, ഹാജി മാലി ഖാൻ, ഹാഫീസ് റഷീദ് എന്നിവരെ ഇന്നലെ ഖത്തറിലെത്തിച്ചു. ഇതിനുശേഷമാണ് പ്രഫസർമാരെ താലിബാൻ മോചിപ്പിച്ചത്. അനസ് ഹഖാനിയുടെ മൂത്ത സഹോദരൻ കുപ്രസിദ്ധ ഹഖാനി ഗ്രൂപ്പിന്റെ തലപ്പത്തുള്ളയാളാണ്.
തടവുകാരെ കൈമാറുന്ന കാര്യം കഴിഞ്ഞയാഴ്ച തന്നെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പ്രഖ്യാപിച്ചിരുന്നതാണ്. താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള സമാധാന ചർച്ചയ്ക്ക് തടവുകാരുടെ കൈമാറ്റം സഹായിക്കുമെന്നു ഗനി പ്രത്യാശിച്ചു.