ഹാരി രാജകുമാരൻ കാനഡയിലേക്ക്
Wednesday, January 15, 2020 12:14 AM IST
ലണ്ടൻ: രാജകീയ ചുമതലകളിൽ നിന്നുവിട്ടുനിൽക്കാനുള്ള ഹാരി രാജകുമാരന്റെ പ്രഖ്യാപനത്തെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ ചേർന്ന രാജകുടുംബാംഗങ്ങളുടെ യോഗത്തിൽ എലിസബത്ത് രാജ്ഞി അധ്യക്ഷത വഹിച്ചു.
നോർത്ത് അമേരിക്കയിലും യുകെയിലുമായി ശിഷ്ടകാലം ചെലവഴിക്കാനുള്ള ഹാരിയുടെയും പത്നി മെഗന്റെയും തീരുമാനം ദുഃഖകരമാണെങ്കിലും അംഗീകരിക്കാനാണ് രാജ്ഞിയുടെ തീരുമാനം. ഹാരി ഈയാഴ്ച തന്നെ കാനഡയ്ക്കു തിരിക്കും. പത്നി മെഗനും മകൻ ആർച്ചിയും കാനഡയിലുണ്ട്.
കുടുംബത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ രാജ്ഞി നിർബന്ധം പിടിച്ചു. സങ്കീർണമായ പ്രശ്നങ്ങളാണുള്ളത്. രമ്യമായ പരിഹാരം കണ്ടെത്താൻ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. താമസിയാതെ പ്രായോഗികമായ നടപടികൾക്കു രൂപം നൽകാനാവുമെന്നു യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. വില്യംരാജകുമാരൻ, സഹോദരൻ ഹാരി രാജകുമാരൻ, അവരുടെ പിതാവ് ചാൾസ് എന്നിവരുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നുവെന്നും രാജ്ഞി അറിയിച്ചു.
തന്റെ നിലപാട് വ്യക്തമാക്കാൻ രാജ്ഞിയുമായി ഹാരി ഏറെ സമയം സംഭാഷണം നടത്തിയെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സാന്ദ്രിംഗാമിൽ നടന്ന യോഗത്തിൽ വീഡിയോ കോൺഫ്രൻസിംഗിലൂടെ മെഗൻ പങ്കെടുക്കുമെന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ലെന്നാണു സൂചന.