ഇംപീച്ച്മെന്റ് വിചാരണ: പ്രോസിക്യൂട്ടർമാരെ നിയമിച്ചു
Thursday, January 16, 2020 12:27 AM IST
വാഷിംഗ്ടൺഡിസി: പ്രസിഡന്റ് ട്രംപിന്റെ ഇംപീച്ചുമെന്റ് വിചാരണ സെനറ്റിൽ ഉടൻ ആരംഭിക്കും. ഇതിനായി ഇംപീച്ചുമെന്റ് പ്രോസിക്യൂട്ടർമാരെ നിയമിച്ചതായി ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി അറിയിച്ചു. ഏഴംഗ ടീമിന് ജനപ്രതിനിധി സഭാ ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ആഡം ഷിഫ് നേതൃത്വം നൽകും.
ജനപ്രതിനിധി സഭ പാസാക്കിയ ഇംപീച്ചുമെന്റ് പ്രമേയങ്ങൾ സെനറ്റിന് ഉടൻ കൈമാറും. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് എതിരേ മത്സരിക്കാൻ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ബൈഡനെ താറടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന് എതിരേ അന്വേഷണത്തിനു യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദം ചെലുത്തിയത് അധികാര ദുർവിനിയോഗമാണെന്നാണ് ഇംപീച്ചുമെന്റിന് ആധാരമായ കേസ്.