സുലൈമാനി വധത്തിന്റെ കൗണ്ട് ഡൗൺ വിവരിച്ച് ട്രംപ്
Sunday, January 19, 2020 11:23 PM IST
വാഷിംഗ്ടൺഡിസി: ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ബാഗ്ദാദ് എയർപോർട്ടിനു സമീപം യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനിയും മറ്റൊരു കമാൻഡറായ മുഹന്ദിസും കൊല്ലപ്പെട്ടത്. ഫ്ളോറിഡയിലെ മാർ അലാഗോ റിസോർട്ടിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ ചടങ്ങിലാണ് മിലിറ്ററി ഓഫീസർമാർ തന്നെ അറിയിച്ച സുലൈമാനിയുടെ അന്ത്യനിമിഷങ്ങൾ വെള്ളിയാഴ്ച ട്രംപ് വിവരിച്ചത്.
""സർ അവർ രണ്ടുപേരുമുണ്ട്.ഇനി അവർക്ക് രണ്ടുമിനിറ്റും 11 സെക്കൻഡും മാത്രമേ ജീവിതമുള്ളു.. അവർ കാറിൽ കയറി.. ഇനി ഒരു മിനിറ്റു മാത്രം.. മുപ്പതു സെക്കൻഡ് മാത്രം.. പത്ത്, എട്ട്—-തീർന്നു. എല്ലാം കഴിഞ്ഞു.''
“സുലൈമാനി വധം ലോകത്തെ ഞെട്ടിച്ചെന്നതു ശരിയാണ്. നിരവധി അമേരിക്കക്കാരുടെ മരണത്തിനു കാരണക്കാരനായ അയാൾ ഈ ശിക്ഷ അർഹിക്കുന്നതായിരുന്നു. നമ്മുടെ രാജ്യത്തെപ്പറ്റി അയാൾ എന്തെല്ലാമാണ് പറഞ്ഞത്. എത്രമാത്രം കേട്ടുകൊണ്ടിരിക്കും... അജയ്യനാണെന്ന് അയാൾ സ്വയം കണക്കുകൂട്ടി”- ട്രംപ് ചൂണ്ടിക്കാട്ടി.