ഗർഭസ്ഥശിശുവിന്റെ അവകാശങ്ങൾ സംരക്ഷിക്കണം: ട്രംപ്
Saturday, January 25, 2020 11:08 PM IST
വാഷിംഗ്ടൺ ഡിസി: എല്ലാ കുഞ്ഞുങ്ങളും ദൈവത്തിന്റെ അമൂല്യദാനങ്ങളാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മനുഷ്യജീവന്റെ പവിത്രതയും അന്തസും നാം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗർഭച്ഛിദ്ര നിരോധനത്തിനായി പോരാടുന്ന പ്രോലൈഫ് പ്രവർത്തകർ നടത്തുന്ന ‘മാർച്ച് ഫോർ ലൈഫ്’ വാർഷിക റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് റാലിയിൽ പങ്കെടുക്കുന്നത്.
വാഷിംഗ്ടൺ ഡിസിയിൽ യുഎസ് കാപ്പിറ്റോൾ മന്ദിരത്തിനു സമീപം നടന്ന റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ജനിക്കാനിരിക്കുന്ന കുഞ്ഞ് കൈവരിക്കാൻ പോകുന്ന നേട്ടങ്ങളെക്കുറിച്ചോ, കാണാൻ പോകുന്ന സ്വപ്നങ്ങളെക്കുറിച്ചോ, നടത്താൻ പോകുന്ന കണ്ടുപിടിത്തങ്ങളെക്കുറിച്ചോ നമുക്കറിയില്ലെന്ന് ട്രംപ് പറഞ്ഞു. ഗർഭസ്ഥശിശുക്കളുടെ അവകാശങ്ങളെ ഇത്ര ശക്തമായി പിന്തുണയ്ക്കുന്ന മറ്റൊരു പ്രസിഡന്റ് അമേരിക്കയിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സുപ്രീംകോടതി 1973 ജനുവരിയിൽ ‘റോ വേഴ്സസ് വേഡ്’ കേസിൽ വിധിപറഞ്ഞ് ഗർഭച്ഛിദ്രം നിയമവിധേയമാക്കിയതിന്റെ വാർഷികത്തിലാണ് റാലി നടക്കുന്നത്. ട്രംപ് കഴിഞ്ഞ വർഷം വീഡിയോ സന്ദേശത്തിലൂടെ റാലിയെ അഭിസംബോധന ചെയ്തിരുന്നു.