ലി കെഖിയാംഗ് വുഹാനിൽ
Tuesday, January 28, 2020 12:15 AM IST
ബെയ്ജിംഗ്: ചൈനയെ വിറപ്പിച്ച് അതിവേഗം പടരുന്ന കൊറോണ വൈറസ് രോഗം ഇതിനകം 82 ജീവൻ അപഹരിച്ചു. മൂവായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് രോഗം ആദ്യം റിപ്പോർട്ടു ചെയ്യപ്പെട്ട വുഹാൻ നഗരത്തിൽ പ്രധാനമന്ത്രി ലി കെഖിയാംഗ് നേരിട്ടെത്തി ആരോഗ്യ പ്രവർത്തകരുമായി ചർച്ച നടത്തി. വുഹാൻ സന്ദർശിക്കുന്ന ആദ്യത്തെ സമുന്നത നേതാവാണ് അദ്ദേഹം. രോഗ പ്രതിരോധത്തിന്റെ ഭാഗമായി വുഹാൻ ഉൾപ്പെടെ 17ചൈനീസ് നഗരങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തി അടച്ചിട്ടിരിക്കുകയാണ്.
മാസ്ക് ധരിച്ച് പ്രധാനമന്ത്രി കെഖിയാംഗ് വുഹാനിലെ സൂപ്പർമാർക്കറ്റും ആശുപത്രികളും സന്ദർശിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. രണ്ടുദിവസത്തിനുള്ളിൽ രണ്ടായിരം നഴ്സുമാരെക്കൂടി നിയമിക്കുമെന്ന് കെഖിയാംഗ് അറിയിച്ചു. 1500-ഉം ആയിരവും കിടക്കകളുള്ള പുതിയ രണ്ട് ആശുപത്രികളുടെ നിർമാണ പുരോഗതിയും അദ്ദേഹം വിലയിരുത്തി.
രോഗം പൊട്ടിപ്പുറപ്പെട്ട ഉടൻ ആവശ്യമായ നടപടി എടുക്കുന്നതിൽ വീഴ്ച പറ്റിയെന്ന് വുഹാൻ മേയർ ഷു സിയാൻ വാങ് സമ്മതിച്ചു. ഷുവും പാർട്ടിയുടെ പ്രാദേശിക ചീഫും രാജി സന്നദ്ധത അറിയിച്ചു. ഇതിനിടെ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ബെയ്ജിംഗിലെത്തി അധികൃതരുമായി ചർച്ച നടത്തി. ലക്ഷണങ്ങൾ ദൃശ്യമാവുന്നതിനു മുന്പേ രോഗം പകരാൻ സാധ്യതയുണ്ടെന്ന് ചൈനീസ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. രോഗനിയന്ത്രണ നടപടികൾക്ക് ഇതു മൂലം ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
വുഹാനിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ചാർട്ടർ ചെയ്ത വിമാനങ്ങൾ അയയ്ക്കുന്നതിനെക്കുറിച്ച് അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഹോങ്കോംഗിൽ എട്ടുപേർക്കും മക്കാവുവിൽ ഏഴു പേർക്കും തായ്വാനിൽ അഞ്ചുപേർക്കും യുഎസിലും ഓസ്ട്രേലിയയിലും അഞ്ചു പേർക്കു വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അവധി നീട്ടി
പുതുവത്സരാഘോഷം പ്രമാണിച്ചുള്ള അവധി ഞായറാഴ്ച വരെ നീട്ടിയതായി ചൈനീസ് അധികൃതർ അറിയിച്ചു. ആഗോള വാണിജ്യകേന്ദ്രമായ ഷാങ്ഹായിയിൽ ഫെബ്രുവരി ഒന്പതുവരെ അവധി നീട്ടി. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലെ പൊട്ടാല കൊട്ടാരം അടച്ചു.