പ്രോ-ലൈഫ് ദൈവശാസ്ത്രജ്ഞൻ ഡെമോക്രാറ്റിക് പാർട്ടി വിട്ടു
Tuesday, February 11, 2020 12:24 AM IST
ന്യൂയോർക്ക്: ഗർഭഛിദ്രം സംബന്ധിച്ച ഡൊമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖരുടെ നിലപാടിൽ പ്രതിഷേധിച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ചാൾസ് കമോസി പാർട്ടി വിട്ടു. ഗർഭഛിദ്രം അത്ര നല്ലതല്ല എന്നുപോലും പറയാനാവാത്ത അന്തരീക്ഷമാണു പാർട്ടിയിലെന്ന് ഡെമോക്രാറ്റ്സ് പ്രോ ലൈഫ് ഓഫ് അമേരിക്കയുടെ ബോർഡിൽ നിന്നു രാജിവച്ചുകൊണ്ട് കമോസി പറഞ്ഞു. ഫോർഡാം യൂണിവേഴ്സിറ്റിയിൽ ധർമശാസ്ത്ര പ്രഫസറാണ് അദ്ദേഹം.
ഗർഭഛിദ്രം അനുവദിക്കണമെന്ന ആശയം പ്രസിഡന്റ് സ്ഥാനാർഥികൾ വരെ പ്രകടിപ്പിക്കുന്നതിൽ കമോസി രോഷം അറിയിച്ചു. ജനസംഖ്യയിൽ 13 ശതമാനം പേരുടെ പോലും പിന്തുണയില്ലാത്ത ഒരാശയത്തെ പാർട്ടി നേതാക്കൾ പിന്താങ്ങുന്നതു ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം സ്ഥാനാർഥി മോഹികളായ പീറ്റ്ബുട്ടി ജിയേഗ്, ബേർണി സാൻഡേഴ്സ്, എലിസബത്ത് വാറൻ, ആൻഡ്രൂ യാംഗ് തുടങ്ങിയവരൊന്നും ഗർഭഛിദ്രത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ല.
കമോസി താൻ റിപ്പബ്ലിക്കൻ പാർട്ടിക്കു വോട്ട് ചെയ്യില്ലെന്നും അമേരിക്കൻ സോളിഡാരിറ്റി പാർട്ടിയിൽ ചേരുമെന്നും പറഞ്ഞു. ഗർഭസ്ഥ ശിശുവിന്റെ സംരക്ഷണം ഉയർത്തിപ്പിടിക്കുന്നതാണ് ആ പാർട്ടി.