അയർലൻഡിൽ എട്ടു മലയാളി നഴ്സുമാർക്ക് കോവിഡ്
Wednesday, March 25, 2020 11:07 PM IST
ഡബ്ലിൻ: അയർലൻഡിലെ വിവിധ പ്രദേശങ്ങളിലായി എട്ട് മലയാളികൾക്കു കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളിൽ ഏതാനും പേർക്കും രോഗലക്ഷങ്ങൾ കണ്ടതോടെ നൂറോളം മലയാളികൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരുമായി സന്പർക്കം പുലർത്തിയ ഏറെപ്പേരും ജാഗ്രത പുലർത്തുന്നു.
തലസ്ഥാനമായ ഡബ്ലിനിലാണ് അഞ്ച് പേർക്ക് കൊറോണ ബാധിച്ചിരിക്കുന്നത്. ഇവരെല്ലാം വിവിധ ആശുപത്രികളിൽ കൊറോണ ബാധിതരെ ശുശ്രൂഷിച്ച നഴ്സുമാരാണ്.
വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ അയർലൻഡിലും അതികർക്കശമായ നിബന്ധനകൾ ഏർപ്പെടുത്തി. അതേസമയം അയർലൻഡിൽ രോഗവ്യാപനം നേരിയ തോതിൽ കുറഞ്ഞുതുടങ്ങിയതായാണു പൊതുനിരീക്ഷണം.
നഗരങ്ങളിലും വഴിയോരങ്ങളിലും നാലു പേരിൽ കൂടുതൽ ഒരുമിച്ചുകൂടുന്നതും ഏപ്രിൽ 19 വരെ കർക്കശമായി നിരോധിച്ചിരിക്കുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ വാണിജ്യമേഖല പൂർണമായി അടച്ചിടാനാണ് നിർദേശം.
ഇന്നലെയും 204 പേർക്കു രോഗം ബാധിച്ചതോടെ എണ്ണം 1300 കടന്നു. ഇതോടകം രോഗബാധിതരായ 26 ശതമാനവും ആരോഗ്യപ്രവർത്തകരാണ്. കൊറോണ ബാധിതരെ പരിചരിക്കുന്നതിന് നിരവധി പ്രൈവറ്റ് ആശുപത്രികൾ താൽക്കാലികമായി പബ്ലിക് ആശുപത്രികളായി മാറ്റി സേവനം വിപുലീകരിക്കാൻ തീരുമാനമായി.
ആയിരത്തോളം പുതിയ വെന്റിലേറ്ററുകൾ വാങ്ങിയതിനൊപ്പം ചികിത്സാ,സുരക്ഷാ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കുകയും ചെയ്തു.
രാജു കുന്നക്കാട്ട്