അണുനശീകരണത്തിന് ഇസ്രയേലി സാങ്കേതികവിദ്യ ഉപയോഗിക്കും
Tuesday, June 30, 2020 1:10 AM IST
ജറുസലേം: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽപൊതുസ്ഥലങ്ങളെയും ആശുപത്രികളെയും അണുവിമുക്തമാക്കാൻ ഇസ്രയേലിൽ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗിക്കും.
ഇസ്രയേലി പ്രതിരോധസേനയുടെ കീഴിലുള്ള സ്ഥാപനം വികസിപ്പിച്ചെടുത്ത അണുനശീകരണ രീതിയാണ് രാജ്യത്തിനു ലഭിക്കുന്നതെന്നാണ് മാധ്യമവാർത്തകൾ. പൊതുയിടങ്ങൾ അണുവിമുക്തമാക്കി കൊറോണയെ നിർവീര്യമാക്കുന്നതിനു ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ച് (ഐഐബിആർ) തയാറാക്കിയ പ്രതിരോധമാർഗം ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞു കഴിഞ്ഞുവെന്നും പറയപ്പെടുന്നു.
ഇസ്രയേലി പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നിയന്ത്രണത്തിലുള്ള ഐഐബിആർ കൊറോണയ്ക്കെതിരേ മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ടെറാ നോവൽ എന്ന കന്പനിയാണ് അണുനശീകരണമരുന്ന് ഇന്ത്യക്കു നൽകുന്നത്.
പൊതുഗതാഗത സംവിധാനമുൾപ്പെടെ ഇതുപയോഗിച്ച് അണുവിമുക്തമാക്കാം. ഷിവ ഇന്നവേഷൻ ബയോടെക് എന്ന സ്ഥാപനമാണ് ഇന്ത്യയിൽ മരുന്ന് എത്തിക്കുന്നത്. പൊതുസ്ഥലത്ത് പ്രയോഗിച്ചാൽ പ്രതലം പൂർണമായും അണുവിമുക്തമാകും. ദീർഘനാൾ ഇതിന്റെ ഫലം ലഭിക്കുമെന്നും പരീക്ഷണഘട്ടത്തിൽ വ്യക്തമായിരുന്നു.