ജാദവിന് അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യക്ക് ഒരവസരം കൂടി നല്കാൻ പാക് കോടതി
Tuesday, August 4, 2020 12:18 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവിന് അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യക്ക് ഒരവസരംകൂടി നല്കാൻ ഇസ്ലാമാബാദ് ഹൈക്കോടതി സർക്കാരിനു നിർദേശം നല്കി.
ചാരവൃത്തി ആരോപിച്ച് 2017 ഏപ്രിലിൽ പാക് സൈനിക കോടതി കുൽഭൂഷൺ ജാദവിനു വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. 2019 ജൂലൈ 17നു ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. ജാദവിന് അഭിഭാഷകനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ സർക്കാർ നല്കിയ പരാതിയിൽ ഇസ്ലാമബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അത്തർ മിനാള്ളയും ജസ്റ്റീസ് മിയാൻഗുൽ ഹസനും ഇന്നലെ വാദം കേട്ടിരുന്നു. വിഷയം ഹൈക്കോടതിയിലെത്തിയിരിക്കുകയാണെന്നും ഇന്ത്യക്ക് ഒരവസരംകൂടി നല്കാമെന്നും ജസ്റ്റീസ് മിനാള്ള പറഞ്ഞു.