കോവിഡ് അബദ്ധധാരണകൾ: മരിച്ചത് 800 പേർ
Thursday, August 13, 2020 12:19 AM IST
ലണ്ടൻ: കൊറോണ വൈറസുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിലൂടെ അടക്കം പ്രചരിച്ച തെറ്റിദ്ധാരണകൾ മൂലം കുറഞ്ഞത് 800 പേർ ഈ വർഷത്തെ ആദ്യ മൂന്നു മാസക്കാലയളവിൽ മരിച്ചു.
അമേരിക്കൻ ജേണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മെഥനോൾ, ആൽക്കഹോൾ ചേർന്ന മറ്റ് ക്ലീനിംഗ് ഉത്പന്നങ്ങൾ മുതലായവ കുടിച്ചതിലാണ് പല മരണങ്ങളും. ഇവ വൈറസിനുള്ള മരുന്നാണെന്ന് പലരും വിശ്വസിച്ചു.
കൊറോണ വൈറസ് പടരുന്ന അതേ വേഗത്തിൽ തന്നെ, വൈറസുമായി ബന്ധപ്പെട്ട അബദ്ധ ധാരണകളും പ്രചരിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കിയിരുന്നു. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ ആളുകൾ വളരെ വേഗം വിശ്വസിക്കുന്നു. വെളുത്തുള്ളിയും വൈറ്റമിനുകളും അമിതമായി കഴിക്കുന്നതും പശുവിന്റെ മൂത്രം കുടിക്കുന്നതും വൈറസിനെ ചെറുക്കുമെന്ന് പലരും വിശ്വസിച്ചു.
അബദ്ധധാരണകൾ പ്രചരിക്കുന്നതു തടയാൻ സർക്കാരിനും അന്താരാഷ്ട്ര ഏജൻസികൾക്കും ഉത്തരവാദിത്വമുണ്ടെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു.