നവൽനി സംസാരശേഷി വീണ്ടെടുത്തു
Saturday, September 19, 2020 11:55 PM IST
ബെർലിൻ: വിഷപ്രയോഗമേറ്റശേഷം ബെർലിനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി സംസാര, ചലന ശേഷികൾ വീണ്ടെടുത്തു തുടങ്ങിയതായി അറിയിച്ചു. അനേകദിവസങ്ങൾക്കുശേഷം ബോധം വീണ്ടുകിട്ടിയപ്പോൾ തനിക്കു ഡോക്ടറുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പോലും കഴിഞ്ഞില്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി. ഓഗസ്റ്റ് 20ന് സൈബീരിയയിൽനിന്ന് മോസ്കോയിലേക്കു വിമാനയാത്ര ചെയ്യുന്നതിനിടെ നവൽനി കുഴഞ്ഞുവീഴുകയായിരുന്നു.
സോവിയറ്റ് കാലത്തെ നോവിചോക് എന്ന രാസവസ്തുവാണ് നവൽനിക്കു നേർക്ക് പ്രയോഗിക്കപ്പെട്ടതെന്ന് ജർമനിലെ വിദഗ്ധർ കണ്ടെത്തി. റഷ്യൻ ഭരണകൂടമാണ് നവൽനിയെ വധിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു.