ഇറ്റലിയിൽ പള്ളി ആക്രമിച്ചു
Thursday, September 24, 2020 12:03 AM IST
റോം: ദക്ഷിണ ഇറ്റലിയിലെ സിസിലി ദ്വീപിന്റെ മധ്യഭാഗത്തുള്ള കൾത്താനിസെത്ത നഗരത്തിലെ വിശുദ്ധ അഗഥായുടെ പേരിലുള്ള ഇടവകപ്പള്ളി ഒരു മാസത്തിനിടെ ഇന്നലെ വീണ്ടും ആക്രമിക്കപ്പെട്ടു.
അക്രമികൾ മദ്ബഹായിൽ അതിക്രമിച്ചുകടക്കുകയും സക്രാരി തുറന്ന് തിരുവോസ്തി തറയിൽ വിതറി അവഹേളിക്കുകയും കുസ്തോദികൾ കൊണ്ടുപോവുകയും ചെയ്തു. തിരുസ്വരൂപങ്ങൾ തകർക്കുകയും ദേവാലയ സാമഗ്രികൾ അലങ്കോലമാക്കുകയും ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുകയും ചെയ്തതിൽ ഇടവകാംഗങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചു. പതിനാറാം നൂറ്റാണ്ടു മുതൽ ഈശോസഭാവൈദികരുടെ മേൽനോട്ടത്തിലാണ് ഈ ഇടവകപ്പള്ളി.
അക്രമികൾ ക്രൈസ്തവവിശ്വാസത്തെയും മനുഷ്യസ്വാതന്ത്ര്യത്തെയും വിലമതിക്കാത്തവരാണെന്നും അവരെ നിയമത്തിന്റെ മുന്പിൽ കൊണ്ടുവരണമെന്നും ഇടവകക്കാർ ആവശ്യപ്പെട്ടു. ക്രൈസ്തവപീഡനത്തിന്റെ കഥകൾ ലോകമാകെ, പ്രത്യേകിച്ചും യൂറോപ്പിൽ, വർധിച്ചുവരികയാണെന്നും അതേപ്പറ്റി പറയാൻ മാധ്യമങ്ങൾ തയാറാകുന്നില്ലെന്നും വികാരി ഫാ. സെർജിയോ ചൂണ്ടിക്കാട്ടി. ക്രൈസ്തവരെ സംരക്ഷിക്കാൻ മാത്രം നിയമങ്ങളില്ല. ഈ അവസ്ഥയ്ക്കു മാറ്റം വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.