നഷ്ടപരിഹാരം നല്‍കിയില്ല: എവര്‍ ഗിവണ്‍ കപ്പല്‍ ഈജിപ്ത് പിടിച്ചിട്ടു
Friday, April 16, 2021 12:04 AM IST
കയ്റോ: സൂയസ് കനാലിൽ ദിവസങ്ങളോളം തടസം സൃഷ്ടിച്ച് കുടുങ്ങിക്കിടന്ന ഭീമൻ ചരക്കുകപ്പൽ ഈജിപ്ത് പിടിച്ചെടുത്തു. ലിബിയയിലെ ഒരു ഷിപ്പിംഗ് ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. കോടതി ഉത്തരവിനെത്തുടർന്ന് എവർ ഗിവൺ എന്ന ചരക്കുകപ്പൽ ഈജിപ്ത് ഒൗദ്യോഗികമായി പിടിച്ചിട്ടിരിക്കുകയാണെന്ന് ലിബിയയിലെ മെഡ്വേവ് ഷിപ്പിംഗ് ഏജൻസി പറയുന്നു.
സൂയസ് കനാൽ പ്രശ്നത്തിൽ നഷ്ടപരിഹാരമായ 900 കോടി യുഎസ് ഡോളർ അടയ്ക്കാത്തതിനാലാണ് നടപടി. കപ്പലിനെ വീണ്ടും ചലിപ്പിക്കാനായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ചെലവ്, കനാലിൽ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉൾക്കൊള്ളിച്ച് 900 കോടി ഡോളർ നഷ്ടപരിഹാരം വേണമെന്നാണ് സൂയസ് കനാൽ അഥോറിറ്റിയുടെ ആവശ്യം. തിങ്കളാഴ്ചയാണ് ഇസ്മായിലിയയിലെ കോടതി കപ്പൽ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ ഇക്കാര്യം കപ്പലിലെ ജീവനക്കാരെ അധികൃതർ അറിയിക്കുകയും ചെയ്തു. അതേസമയം, നഷ്ടപരിഹാര തുക സംബന്ധിച്ച് കനാൽ അഥോറിറ്റിയും കപ്പൽ ഉടമകളും ഇൻഷ്വറൻസ് കന്പനിയും തമ്മിൽ ഇപ്പോഴും ചർച്ചകൾ തുടരുന്നതായും സൂചനയുണ്ട്.