ഇന്ത്യയുടെ കാര്യത്തിൽ ആശങ്ക: ലോകാരോഗ്യ സംഘടന
Wednesday, April 28, 2021 12:30 AM IST
ജനീവ: പിടിച്ചാൽ കിട്ടാത്ത നിലയിൽ കോവിഡ് വ്യാപനം നടക്കുന്ന ഇന്ത്യയുടെ കാര്യത്തിൽ ആശങ്കപ്പെട്ട് ലോകാരോഗ്യസംഘടന. ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകത്തിനും അപ്പുറമാണെന്ന് സംഘടനാ മേധാവി തെദ്രോസ് ഗെബ്രെയേസൂസ് പറഞ്ഞു. ഉപകരണങ്ങളും മറ്റു സഹായങ്ങളും നല്കി പറ്റാവുന്നതു ലോകാരോഗ്യ സംഘടന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഓക്സിജൻ കണ്ടെയ്നറുകളും ലബോറട്ടറി ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പോളിയോ, ക്ഷയരോഗ പദ്ധതികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 2,600 വിദഗ്ധരെ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി പരിഹരിക്കാനായി അയച്ചു.
ആഗോളതലത്തിലും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതായി തെദ്രോസ് പറഞ്ഞു. കഴിഞ്ഞ ഒന്പത് ആഴ്ചകളായി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. കോവിഡ് പടരാൻ തുടങ്ങിയ ആദ്യ അഞ്ചു മാസങ്ങളിലെ രോഗികളുടെ അത്രയും എണ്ണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായതായി തെദ്രോസ് പറഞ്ഞു.
കോവാക്സ് പദ്ധതിയെ ബാധിച്ചു
ദരിദ്രരാജ്യങ്ങൾക്കു കോവിഡ് വാക്സിൻ ലഭ്യമാക്കാൻ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ച കോവാക്സ് പദ്ധതി പ്രതിസന്ധിയിൽ. കോവിഡ് രോഗികൾ പെരുകാൻ തുടങ്ങിയതോടെ ഇന്ത്യയിൻ നിർമിച്ച വാക്സിൻ ലഭിക്കാത്തതാണു കാരണം.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന 92 രാജ്യങ്ങൾക്കു വാക്സിൻ ലഭ്യമാക്കാനാണു കോവാക്സ് ആരംഭിച്ചത്.
ഇന്ത്യയിൽനിന്നു വാക്സിൻ ലഭിക്കാത്തതുമൂലം ഒന്പതുകോടി ഡോസുകളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.