നെതന്യാഹു ഭരണത്തിന് അന്ത്യം; നഫ്താലി ബെന്നറ്റ് ഇസ്രയേൽ പ്രധാനമന്ത്രിയാകും
Monday, June 14, 2021 12:40 AM IST
ജറുസലെം: ഇസ്രയേലിൽ തുടർച്ചയായ 12 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് ബെന്യാമിൻ നെതന്യാഹു രാജിവച്ചു. നഫ്താലി ബെന്നറ്റ്(49) പ്രധാനമന്ത്രിയാകും. സർക്കാർ രൂപവത്കരണത്തിനു മുന്പ് ഇസ്രയേൽ പാർലമെന്റായ ക്നെസത്തിൽ ഭൂരിപക്ഷം തെളിയിക്കണം.
ഇടത്-വലത്, മധ്യ പക്ഷ, അറബ് പാർട്ടികളുടെ സഖ്യമാണ് ബെന്നറ്റ് നയിക്കുന്നത്. 120 അംഗ പാർലമെന്റിൽ 61 പേരുടെ നേരിയ ഭൂരിപക്ഷമാണു സഖ്യത്തിനുള്ളത്. വലതുപക്ഷമായ യാമിന പാർട്ടി നേതാവായ നഫ്താലി ബെന്നറ്റ് മുന്പ് നെതന്യാഹുവിന്റെ അനുയായി ആയിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ഇസ്രയേലിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു താത്കാലിക വിരാമമാകും. രണ്ടു വർഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളാണു രാജ്യത്തു നടന്നത്. എന്നാൽ, എട്ടു പാർട്ടികളുടെ സഖ്യത്തിന് അധികം ആയുസുണ്ടാകില്ലെന്ന വിലയിരുത്തലുണ്ട്.
1972ൽ ഹൈഫയിലാണ് ബെന്നറ്റ് ജനിച്ചത്. അമേരിക്കയിലെ കലിഫോർണിയയിൽനിന്നു കുടിയേറിയവരാണു മാതാപിതാക്കൾ. മധ്യപക്ഷ നേതാവായ യയിർ ലാപിഡുമായി ബെന്നറ്റ് സഖ്യമുണ്ടാക്കിയതോടെയാണ് നെതന്യാഹു അധികാരത്തിനു പുറത്തായത്.
പുതിയ സർക്കാരിൽ ആദ്യ രണ്ടുവർഷം ലാപിഡ് വിദേശകാര്യമന്ത്രിയാകും. 2023 സെപ്റ്റംബറിൽ ലാപിഡ് ഇസ്രയേൽ പ്രധാനമന്ത്രിയാകും. പാർലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയായ(17 സീറ്റ്) യെഷ് അതിദ് പാർട്ടിയുടെ നേതാവാണ് ഇദ്ദേഹം. നെതന്യാഹുവിനു സർക്കാരുണ്ടാക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇസ്രയേൽ പ്രസിഡന്റ്, ലാപിഡിനെ സർക്കാർ രൂപവത്കരണത്തിനു ക്ഷണിച്ചിരുന്നു. യാമിന പാർട്ടിക്ക് വെറും ഏഴു സീറ്റാണുള്ളത്. ഇതിൽ ഒരംഗം സർക്കാരിനെതിരേ വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. യെഷ് അതിഡ്, യാമിന, കൊഹോൽ ലാവൻ, ന്യൂഹോപ്, ലാബോർ, ഇസ്രയേൽ ബീറ്റിനു, മെറിറ്റ്സ്, യുണൈറ്റഡ് അറബ് എന്നീ പാർട്ടികളാണു ഭരണസഖ്യത്തിലുള്ളത്.നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കു 30 സീറ്റുണ്ട്.
ഇസ്രയേലിന്റെ ചരിത്രത്തിൽ ഏറ്റവും അധികം നാൾ പ്രധാനമന്ത്രിപദത്തിലിരുന്നയാളാണു ബെന്യാമിൻ നെതന്യാഹു(71). 1996 മുതൽ 1999 വരെയും ഇദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. ആകെ 15 വർഷം നെതന്യാഹു പ്രധാനമന്ത്രിയായി. രാജിവച്ച നെതന്യാഹു ഇസ്രയേൽ പ്രതിപക്ഷനേതാവാകും. ലിക്കുഡ് പാർട്ടി നേതൃസ്ഥാനം ഒഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടകരമായ ഗവൺമെന്റുകളെ തങ്ങൾ പുറത്താക്കുമെന്നു നെതന്യാഹു കൂട്ടിച്ചേർത്തു.