അഫ്ഗാനിലെ സ്ഥിതി വഷളാക്കിയത് അമേരിക്കയെന്ന് ഇമ്രാൻ ഖാൻ
Thursday, July 29, 2021 12:27 AM IST
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അമേരിക്കയാണ് ഇത്രയും വഷളാക്കിയതെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്കയുടെ 2001ലെ അഫ്ഗാൻ അധിനിവേശത്തെ വിമർശിച്ചായിരുന്നു ഇമ്രാന്റെ പരാമർശം. താലിബാനെ ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയ ഇടപെടലിലൂടെ മാത്രമേ അഫ്ഗാൻ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കൂ എന്നും ഒരു അമേരിക്കൻ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അമേരിക്ക അഫ്ഗാനിസ്ഥാനിൽ സൈനിക പരിഹാരത്തിനാണു ശ്രമിച്ചത്. അതു സാധ്യമായിരുന്നില്ല. അഫ്ഗാന്റെ ചരിത്രം മനസിലാക്കിയാൽ സൈനിക പരിഹാരം സാധ്യമല്ലെന്നു മനസിലാക്കാം. ഇക്കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ തന്നെ അമേരിക്കൻ വിരുദ്ധനാക്കി. താലിബാൻ ഖാൻ എന്നുപോലും തന്നെ വിശേഷിപ്പിച്ചതായി ഇമ്രാൻ പറഞ്ഞു.