ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്നു സമാപനം
Sunday, September 12, 2021 12:16 AM IST
വത്തിക്കാൻ സിറ്റി: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടക്കുന്ന 52-ാം ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്നു സമാപനം.
സമാപന സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 11.30ന് ബുഡാപെസ്റ്റിലെ ഹീറോസ് ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പ ദിവ്യബലി അർപ്പിക്കും. മാർപാപ്പയെ സ്വീകരിക്കാൻ ബുഡാപെസ്റ്റ് ഒരുങ്ങിയതായി ദിവ്യകാരുണ്യ കോൺഗ്രസ് സംഘാടകർ അറിയിച്ചു.
മാർപാപ്പയുടെ ഹംഗറി, സ്ലൊവാക്യ പര്യടനത്തിനും ഇന്നു തുടക്കം കുറിക്കും. സന്ദർശനത്തിനു പ്രാരംഭമായി പതിവുള്ളതുപോലെ മാർപാപ്പ ഇന്നലെ റോമിലെ പരിശുദ്ധ മറിയത്തിന്റെ വലിയ പള്ളിയിലെത്തി പ്രാർഥിച്ചു.
15-ാം തീയതിവരെയായി നാലു ദിവസം നീളുന്നതാണ് സന്ദർശനം. ഇന്നു രാവിലെ മാർപാപ്പ ബുഡാപെസ്റ്റിലെത്തും. മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽവച്ച് ഹംഗേറിയൻ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
ഹീറോസ് ചത്വരത്തിലെ ദിവ്യബലിക്കുശേഷം മെത്രാൻ സമിതിയുമായും ഇതര ക്രൈസ്തവ സഭാ നേതാക്കളുമായും യഹൂദമത പ്രതിനിധികളുമായും ചർച്ച നടത്തി, സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലേക്കു പോകും.
നാളെ സ്ലോവാക്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച. ചൊവ്വാഴ്ച കിഴക്കൻ സ്ലൊവാക്യയിലെ കൊഷിറ്റ്സെ നഗരം സന്ദർശിക്കും. ബുധനാഴ്ച ഷാസ്റ്റിനിലെ ദേശീയ തീർഥാടന കേന്ദ്രത്തിൽ ദിവ്യബലി അർപ്പിച്ചശേഷം റോമിലേക്കു മടങ്ങും.