9/11 രഹസ്യ രേഖകൾ പുറത്തുവിട്ടു; സ്വാഗതം ചെയ്ത് സൗദി
Sunday, September 12, 2021 11:04 PM IST
വാഷിംഗ്ടൺ ഡിസി: 9/11 ഭീകരാക്രമണത്തെക്കുറിച്ചു നടത്തിയ അന്വേഷണത്തിലെ രഹസ്യരേഖകൾ യുഎസിലെ എഫ്ബിഐ പുറത്തുവിട്ടുതുടങ്ങി. യുഎസിലുണ്ടായിരുന്ന രണ്ടു സൗദി പൗരന്മാർ ആക്രമണത്തിൽ പങ്കെടുത്ത രണ്ടു ഭീകരന്മാരുമായി ബന്ധം പുലർത്തിയിരുന്നതായി ഇതിൽ വ്യക്തമാകുന്നു.
ഭീകരാക്രമണത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് 15 പേജ് രേഖയാണു പുറത്തുവിട്ടിരിക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമേൽ സമ്മർദം ചെലുത്തിയതിന്റെ ഭാഗമായിട്ടാണ് ഇതു പുറത്തുവന്നത്.
അതേസമയം, ഭീകരന്മാർക്കു സൗദി സർക്കാരുമായി ബന്ധമുള്ളതിന്റെ തെളിവുകൾ രേഖകളിലില്ല. രേഖ പരസ്യമാക്കാനുള്ള നീക്കത്തെ വാഷിംഗ്ടണിലെ സൗദി എംബസി സ്വാഗതം ചെയ്തിരുന്നു.
ഭീകരന്മാരായ നവാഫ് അൽ ഹാസ്മി, ഖാലിദ് അൽ മിദാർ എന്നിവർ വിദ്യാർഥികളെന്നു നടിച്ചാണു യുഎസിൽ പ്രവേശിച്ചത്. ലോസ് ആഞ്ചലസിലെ കിംഗ് ഫഹദ് മോസ്കിലെ ഇമാമായിരുന്ന സൗദി പൗരൻ ഫഹദ് അൽ തുമായിരിയുമായി ഇവർക്കു ബന്ധമുണ്ടായിരുന്നു. സൗദി പൗരനായ ഒമർ അൽ ബായൂമിയാണു ഭീകരർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തത്.
ബായൂമി ലോസ് ആഞ്ചലസിലെ സൗദി കോൺസുലേറ്റിൽ നിത്യസന്ദർശകനായിരുന്നു. ബായൂമിയും തുമായിരിയും ഭീകരാക്രമണത്തിനു മുന്പേ യുഎസിൽനിന്നു സൗദിയിലേക്കു മടങ്ങി.
യുഎസിലെ മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ, ഡോണൾഡ് ട്രംപ് എന്നിവർ ദേശീയസുരക്ഷാ കാരണങ്ങൾ പറഞ്ഞ് 9/11 രേഖകൾ പുറത്തുവിടാൻ വിസമ്മതിച്ചിരുന്നു. സൗദി സർക്കാരിനു ഭീകരാക്രമണത്തിൽ പങ്കുള്ളതിന്റെ തെളിവുകൾ രേഖകളിലുണ്ടെന്നാണു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്.