ലാ പാമ ദ്വീപിലെ അഗ്നിപർവതം: ലാവാപ്രവാഹം തുടരുന്നു
Monday, September 20, 2021 11:27 PM IST
മാഡ്രിഡ്: അഗ്നിപർവതം പൊട്ടിത്തെറിച്ചുള്ള ലാവാ പ്രവാഹത്തെത്തുടർന്ന് സ്പെയിനിലെ കാനറി ദ്വീപിൽനിന്ന് ആയ്യായിരത്തോളം ആളുകളെ ഒഴിപ്പിച്ചു.
ലാ പാമ ദ്വീപിന്റെ തെക്കുള്ള കുംബ്രെ വിയ്യ ദേശീയോദ്യാനത്തിലെ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ നാലു ഗ്രാമങ്ങളിലെ താമസക്കാരെയാണ് ഒഴിപ്പിച്ചത്. അഞ്ച് ചാലുകളായാണ് ലാവ ഒഴുകുന്നത്. ഇതിൽ പത്തു മീറ്റർ വീതിയുള്ള ചാൽ അഗ്നിപർവതത്തിനു താഴെ ഒഴുകിയെത്തി.
50 വർഷം മുൻപും കുംബ്രെ വിയ്യ അഗ്നിപർവതം പൊട്ടിത്തെറിച്ചിരുന്നു. അന്ന് ഒരാൾ മരണമടഞ്ഞു.
അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന് ഒരാഴ്ച മുന്പ് മേഖലയിൽ ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി സ്പാനിഷ് നാഷണൽ ജിയോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇതേത്തുടർന്ന് ആളുകളെ നേരത്തെ ഒഴിപ്പിക്കാനായി. പ്രദേശത്തെ മുഴുവൻ ആളുകൾക്കും സുരക്ഷ ഉറപ്പാക്കാനായെന്ന് ഞായറാഴ്ച ചേർന്ന അടിയന്തരയോഗത്തിനുശേഷം സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് ട്വിറ്ററിൽ അറിയിച്ചു.