വിലനിയന്ത്രണം പിൻവലിച്ച് ലങ്കയുടെ പരീക്ഷണം
Saturday, October 9, 2021 12:57 AM IST
കൊളംബോ: ഭക്ഷ്യക്ഷാമം കൂടുതൽ രൂക്ഷമായതോടെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് ശ്രീലങ്കൻ സർക്കാരിന്റെ പരീക്ഷണം. വിദേശനാണ്യ നിക്ഷേപത്തിലെ കുറവും കടുത്ത തീരുമാനത്തിന് സർക്കാരിനെ പ്രേരിപ്പിച്ചു.
ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ് ഇതോടെ അവസാനിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പാൽപ്പൊടി, ഗോതന്പ് പൊടി, പഞ്ചസാര, എൽപിജി തുടങ്ങിയവയുടെ വില നിയന്ത്രണം പിൻവലിക്കാനാണ് ഇന്നലെ ചേർന്ന കാബിനറ്റിൽ തീരുമാനമായത്. വിലയിൽ 37 ശതമാനം വരെ വർധന ഉണ്ടാകുമെങ്കിലും കൊള്ളലാഭം ഇടാക്കാൻ വ്യാപാരികൾ ശ്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരമന്ത്രാലയത്തിലെ വിദഗ്ധർ അറിയിച്ചു.
കോവിഡിനെത്തുടർന്ന് ടൂറിസം ഉൾപ്പെടെ മേഖലകളിലെ വരുമാനം കുറഞ്ഞതോടെ വിദേശനാണ്യ കരുതൽ കുറയുകയായിരുന്നു. ജൈവകൃഷിക്ക് അമിത പ്രോത്സാഹനം നൽകിയതുൾപ്പെടെ ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമത്തിനു വഴിതെളിച്ചുവെന്നാണ് വിദഗ്ധർ പറയുന്നത്.