ഐഎസ് നേതാവിനെ ഇറാക്ക് അറസ്റ്റ്ചെയ്തു
Monday, October 11, 2021 11:49 PM IST
ബാഗ്ദാദ്: ഐഎസിന്റെ സാന്പത്തിക ഇടപാടുകൾക്കുനേതൃത്വം നൽകുന്ന മുതിർന്ന നേതാവിനെ അറസ്റ്റ്ചെയ്തതായി ഇറാക്ക്.
ഏറെക്കാലം അൽക്വയ്ദ ഭീകരസംഘടനയിൽ പ്രവർത്തിച്ചിട്ടുള്ള ഐഎസ് ഉപമേധാവിയായ സമി ജാസീം ആണ് പിടിയിലായത്. ഐഎസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയുടെ അടുത്ത അനുയായിയാണ് ഇയാൾ.
ഏറെ ദുഷ്കരമായ രഹസ്യ ഓപ്പറേഷനിലൂടെയാണ് സമി ജാസിമിനെ പിടികൂടിയതെന്ന് ഇറാക്ക് പ്രധാനമന്ത്രി മുസ്തഫ അൽ-കാദിമി ട്വിറ്ററിൽ അറിയിച്ചു.
ഒരു വിദേശരാജ്യത്ത് വച്ചാണ് ജാസിം അറസ്റ്റിലായതെന്നും ഏതാനും ദിവസം മുന്പ് ബാഗ്ദാദിലെത്തിക്കുകയായിരുന്നുവെന്നും ഇറാക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 2006ൽ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അൽക്വയ്ദ നേതാവ് അബു മുസാബ് അൽ സർഖ്വാവിക്കൊപ്പം ജാസിം പ്രവർത്തിച്ചിരുന്നു.