ബ്രിട്ടീഷ് പാർലമെന്റംഗം സർ ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചു
Friday, October 15, 2021 11:52 PM IST
ലണ്ടൻ: ബ്രീട്ടീഷ് പാർലമെന്റംഗം സർ ഡേവിഡ് അമെസ്(69) കുത്തേറ്റു മരിച്ചു. ഇന്നലെ കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിനു കുത്തേറ്റത്.
ലീ -ഓൺ-സീയിലെ ബെൽഫെയേഴ്സ് മെത്തഡിസ്റ്റ് പള്ളിയിലായിരുന്നു പൊതുയോഗം ചേർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഒരു കത്തിയും കണ്ടെത്തിയതായി എസെക്സ് പോലീസ് അറിയിച്ചു.
വിവാഹിതനായ ഡേവിഡ് അമെസിന് അഞ്ചു മക്കളുണ്ട്. ഗർഭഛിദ്രത്തിനെതിരേയുള്ള പ്രചാരണത്തിൽ മുൻപന്തിയിലുള്ളയാളാണ് കത്തോലിക്കനായ സർ ഡേവിസ് അമെസ്.
കൺസർവേറ്റീവ് പാർട്ടിയംഗമായ സർ ഡേവിഡ് അമെസ് 1983 മുതൽ പാർലമെന്റംഗമാണ്. 1997 മുതൽ സൗത്ത് എൻഡ് വെസ്റ്റ് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.കുത്തേറ്റ അമെസിനെ രണ്ടു മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെന്ന് പ്രാദേശിക കൗൺസിലർ ജോൺ ലാംബ് പറഞ്ഞു.
2016 ജൂണിൽ ലേബർ പാർട്ടിയുടെ വനിതാ പാർലമെന്റ് അംഗം ജോ കോക്സ് വടക്കൻ ഇംഗ്ലണ്ടിൽവച്ച് കുത്തേറ്റു കൊല്ലപ്പെട്ടിരുന്നു. വലതു തീവ്രവാദിയെ കേസിൽ ശിക്ഷിച്ചു.