പാക്കിസ്ഥാനിൽ ഗോത്രവർഗക്കാർ ഏറ്റുമുട്ടി, 10 പേർ കൊല്ലപ്പെട്ടു
Monday, October 25, 2021 12:40 AM IST
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഇരു ഗോത്രവർഗ വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു. വനഭൂമിയുടെ അവകാശത്തെച്ചൊല്ലിയായിരുന്നു ഏറ്റുമുട്ടൽ.
ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.
പേവാർ ഗോത്രവിഭാഗത്തിൽപ്പെട്ടവർ ഗയിദു ഗോത്രവർഗക്കാരുടെ ഭൂമിയിൽനിന്ന് വിറക് ശേഖരിച്ചതാണു കാരണം. കുറാം ജില്ലയിലെ വനഭൂമിയെച്ചൊല്ലി ഇരു വിഭാഗങ്ങളും തമ്മിൽ ഏതാനും മാസമായി തർക്കമുണ്ട്. ശനിയാഴ്ച പേവാര് ഗോത്രത്തിൽപ്പെട്ട നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ഇതിനു പേവാർ വിഭാഗം നടത്തിയ തിരിച്ചടിയിൽ ഗയിദു വിഭാഗത്തിലെ ആറു പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു പോലീസ് പറയുന്നത്.
ട്രഞ്ചുകളിൽനിന്നാണ് ഗോത്രവിഭാഗങ്ങൾ വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇരു വിഭാഗവും ഉപയോഗിച്ചു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ജില്ലയാണു കുറാം. ഇവിടെ തോക്കുകളുടെയും മറ്റ് ആധുനിക ആയുധങ്ങളുടെയും ഉപയോഗം വ്യാപകമാണ്.