വധശിക്ഷ: കുൽഭൂഷൺ ജാദവിന് അപ്പീൽ നല്കാം
Thursday, November 18, 2021 1:18 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൈനികകോടതി വിധിച്ച വധശിക്ഷയ്ക്കെതിരേ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് അപ്പീൽ നല്കാം. സിവിൽ കോടതിയിൽ അപ്പീൽ നല്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പട്ടാളനിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ഇന്നലെ പാക്കിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം പാസാക്കി.
സെനറ്റിലെയും ദേശീയ അസംബ്ലിയിലെയും അംഗങ്ങളുടെ സമ്മേളനമാണ് ശബ്ദ വോട്ടോടെ ബിൽ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ നിയമമന്ത്രി ഫറോഗ് നസിം ആണ് ബിൽ അവതരിപ്പിച്ചത്. പുതിയ നിയമപ്രകാരം, വധശിക്ഷയ്ക്കെതിരേ ജാദവിനു ഹൈക്കോടതിയെ സമീപിക്കാം. ദി ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ്(റിവ്യൂ ആൻഡ് റീ-കൺസിഡറേഷൻ) ബിൽ 2021 എന്നു പേരിട്ടിരിക്കുന്ന നിയമം പാസാക്കിയത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശപ്രകാരമാണ്.
ചാരവൃത്തിയും ഭീകരപ്രവർത്തനവും ആരോപിച്ചാണ് കുൽഭൂഷൺ സുധീർ ജാദവി(51)നെ 2016 മാർച്ച് മൂന്നിനു പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. 2017ൽ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചു. തുടർന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ)യെ സമീപിച്ചു. 2019 ജൂലൈ 17ന് ഐസിജെ വധശിക്ഷ തടഞ്ഞു. വധശിക്ഷ പുനഃപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പാക്കിസ്ഥാനോടു നിർദേശിച്ചു.