പാക്കിസ്ഥാനിൽ മാനഭംഗക്കേസ് പ്രതികളുടെ ലൈംഗികശേഷി ഇല്ലാതാക്കാൻ നിയമം
Thursday, November 18, 2021 11:57 PM IST
ഇസ്ലാമാബാദ്: ഒന്നിലധികം തവണ മാനഭംഗക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ ലൈംഗികശേഷി രാസപ്രയോഗത്തിലൂടെ ഇല്ലാതാക്കാൻ നിർദേശിക്കുന്ന ബിൽ പാക്കിസ്ഥാൻ പാർലമെന്റ് അംഗീകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനക്കേസുകൾ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
മരുന്നുകൾ ഉപയോഗിച്ച് ലൈംഗികശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന പ്രക്രിയയാണിത്. ദക്ഷിണകൊറിയ, പോളണ്ട്, ചെക് റിപ്പബ്ലിക്, അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഈ ശിക്ഷ നിലവിലുണ്ട്.
ബുധനാഴ്ച നടന്ന പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അംഗീകരിച്ച ക്രിമിനൽ നിയമഭേദഗതി ബില്ലിലാണ് പീഡനക്കേസ് പ്രതികൾക്കെതിരേ കർശന നടപടി ഉൾക്കൊള്ളിരിക്കുന്നത്.
അതേസമയം ഇത് ഇസ്ലാമിനും ശരിഅത്തിനും എതിരാണെന്ന് ജമാഅത്ത് ഇ ഇസ്ലാമി സെനറ്റർ മുഷ്താഖ് അഹമ്മദ് പറഞ്ഞു. ബലാത്സംഗിയെ പരസ്യമായി തൂക്കിലേറ്റുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനിലെ പീഡന, മാനഭംഗ കേസുകളിൽ നാലു ശതമാനത്തിൽ മാത്രമാണ് പ്രതിക്കു ശിക്ഷ ലഭിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.