തെക്കൻ ചൈനാ കടൽ: നിലപാട് മയപ്പെടുത്തി ചൈനീസ് പ്രസിഡന്റ്
Monday, November 22, 2021 11:45 PM IST
ബെയ്ജിംഗ്: തെക്കൻ ചൈനാ കടലിലിലെ ആധിപത്യത്തെക്കുറിച്ചുള്ള അയൽരാജ്യങ്ങളുടെ ആശങ്കയോടു സൗമ്യമായി പ്രതികരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. തെക്കൻ ചൈനാ കടൽ ഉൾപ്പെടുന്ന പസഫിക് മേഖലയിലെ ആധിപത്യം ചൈനയുടെ ലക്ഷ്യമല്ലെന്ന് ആസിയാൻ യോഗത്തിൽ പ്രസിഡന്റ് ചിൻപിംഗ് പ്രഖ്യാപിക്കുകയായിരുന്നു.
തെക്കൻ ചൈന കടൽമേഖലയിലെ ചൈനയുടെ ഇടപെടലിൽ വിയറ്റ്നാമും ഫിലിപ്പീൻസും ബ്രൂണൈയും തായ്വാനും മലേഷ്യയും ഉൾപ്പെടെ അയൽരാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എല്ലായ്പ്പോഴും നല്ല സുഹൃത്തായും ആസിയാനിലെ മികച്ച പങ്കാളിയായും തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. മൂന്ന് ചൈനീസ് തീരസംരക്ഷണ കപ്പലുകൾ കഴിഞ്ഞദിവസം ഫിലിപ്പീൻസ് കപ്പൽ തടഞ്ഞത് വിവാദമായിരുന്നു.
ചൈനീസ് നടപടിയിൽ ഫിലിപ്പീൻസ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രകോപനപരവും നീതീകരിക്കാനാവാത്തതുമാണ് ഇത്തരം പ്രവൃത്തികളെന്ന് യുഎസും മുന്നറിയിപ്പ് നൽകിയിരുന്നു.