ഡോൺബാസിൽ റഷ്യൻ മുന്നേറ്റം
Saturday, May 21, 2022 1:01 AM IST
കീവ്: കിഴക്കൻ ഡോൺബാസിൽ റഷ്യൻ സേന മുന്നേറ്റം നടത്തുന്നതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. യുക്രെയ്ന്റെ പ്രതിരോധം നശിപ്പിക്കാനായി റഷ്യ വ്യാപകമായി ബോംബിംഗ് നടത്തുന്നു.
ഡോൺബാസിന്റെ ഭാഗമായ ലുഹാൻസ്ക് പ്രവിശ്യയിൽ കനത്ത ആക്രമണമാണു റഷ്യ നടത്തുന്നത്. റഷ്യൻ പട്ടാളം ഡോൺബാസ് മേഖല പൂർണമായി നശിപ്പിച്ചുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആരോപിച്ചു.
റഷ്യാ അനുകൂല യുക്രെയ്ൻ വിമതർക്കു ശക്തമായ സ്വാധീനമുള്ള ലുഹാൻസ്കിന്റെ മോചനം ഏതാണ്ടു പൂർത്തിയായെന്ന് റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു മോസ്കോയിൽ പറഞ്ഞു.
വിമതരും റഷ്യൻ പട്ടാളവും ചേർന്നു കൂടുതൽ ഭൂമി പിടിച്ചെടുത്തു. ഡോൺബാസിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി അവിടെ പ്രത്യേക ഹെഡ്ക്വാട്ടേഴ്സ് സ്ഥാപിച്ചതായും റഷ്യ അറിയിച്ചു.
തെക്കൻ തുറമുഖ നഗരമായ മരിയുപോൾ പൂർണമായി റഷ്യൻ നിയന്ത്രണത്തിലായി. ഇവിടുത്തെ ഉരുക്കുശാലയിൽ അഭയംതേടി അന്തിമ പോരാട്ടം നടത്തിയിരുന്ന യുക്രെയ്ൻ സൈനികരിൽ രണ്ടായിരത്തോളം പേർ ഇതുവരെ കീഴടങ്ങിയതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ, ഫിൻലാൻഡും സ്വീഡനും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിൽ ചേരുന്ന സാഹചര്യത്തിൽ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ പുതിയ സൈനിക താവളം സ്ഥാപിക്കുമെന്ന് പ്രതിരോധമന്ത്രി ഷോയ്ഗു വ്യക്തമാക്കി.
റഷ്യൻ പടക്കപ്പലുകളെ നേരിടാനായി യുക്രെയ്ൻ സേനയ്ക്ക് അത്യാധുനിക ഹാർപൂൺ മിസൈലുകൾ നല്കാൻ അമേരിക്ക പദ്ധതിയിടുന്നുണ്ട്. യുക്രെയ്ൻ തുറമുഖങ്ങളെ റഷ്യൻ പടക്കപ്പലുകൾ ഉപരോധിക്കുന്നതുമൂലം ലോകം ഭക്ഷ്യപ്രതിസന്ധിയിലേക്കു നീങ്ങുന്ന പശ്ചാത്തലത്തിലാണിത്.