നൈജീരിയയിൽ രണ്ടു പള്ളികളിൽ ഭീകരാക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു
Tuesday, June 21, 2022 1:38 AM IST
അബുജ: നൈജീരിയയിൽ രണ്ടു പള്ളികളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ വിശ്വാസികളെ തട്ടിക്കൊണ്ടുപോയി.
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കഡുന സംസ്ഥാനത്തെ സെന്റ് മോസസ് കത്തോലിക്കാ പള്ളിയിലും മാറാനാത്ത പ്രോട്ടസ്റ്റന്റ് പള്ളിയിലുമായിരുന്നു ഞായറാഴ്ച ആരാധനയ്ക്കിടെ ഭീകരർ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട മൂന്നു പേരും കത്തോലിക്കരാണ്. ഭീകരർ തട്ടിക്കൊണ്ടുപോയവരിലേറെയും പ്രോട്ടസ്റ്റന്റ് വിശ്വാസികളും.
ജൂണ്‍ അഞ്ചിന് നൈജീരിയയിലെ ഒൻഡോ സംസ്ഥാനത്തെ ഓവോയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. ലോകത്ത് ക്രൈസ്തവർക്കെതിരേ ഏറ്റവും അധികം ഇസ്ലാമിക ഭീകരാക്രമണം നടക്കുന്ന രാജ്യമാണ് നൈജീരിയ.