ഛിന്നഗ്രഹത്തെ ഇടിച്ചിട്ട് നാസ
Wednesday, September 28, 2022 1:32 AM IST
ഹൂസ്റ്റൺ: ഭാവിയിൽ ഭൂമിക്കു ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ ഗതി മാറ്റുന്നതിനുള്ള നാസയുടെ ആദ്യപരീക്ഷണം വിജയം. നാസയുടെ പേടകം പത്തുമാസം ബഹിരാകാശത്ത് സഞ്ചരിച്ചാണു ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) വിജയകരമായി പൂർത്തിയാക്കിയത്.
ഭൂമിയുടെ അടുത്തു സ്ഥിതി ചെയ്യുന്ന ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ ചുറ്റിക്കറങ്ങുന്ന ഡൈമോർഫസ് എന്ന ഛിന്നഗ്രഹത്തെ ഡാർട്ട് പേടകം ഉപയോഗിച്ച് ഇടിച്ചാണു ഗതിമാറ്റിയത്. ബഹിരാകാശ പ്രതിരോധത്തിന്റെ വിജയമാണു ഡാർട്ടിലൂടെ നടന്നതെന്നും ഇതിന്റെ ഗുണം മാനവരാശിക്കു ലഭിക്കുമെന്നും നാസാ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
മണിക്കൂറിൽ 22,530 കിലോമീറ്റർ വേഗത്തിൽ പത്തുമാസം സഞ്ചരിച്ചാണു ഡാർട്ട് പേടകം ഡിഡിമോസിനു സമീപത്തെത്തിയത്. ഡൈമോർഫസിൽ ഇടിച്ചിറങ്ങുന്നതിനുമുന്പ് ഡിഡിമോസിന്റെ ചിത്രങ്ങൾ ഡാർട്ട് ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. ഡാർട്ട് പേടകത്തിന് 570 കിലോഗ്രാം ഭാരവും ഒന്നരമീറ്റർ നീളവുമുണ്ട്.