സാപ്പോറിഷ്യയിൽ റഷ്യൻ മിസൈൽ; 23 പേർ കൊല്ലപ്പെട്ടു
Friday, September 30, 2022 11:57 PM IST
കീവ്: യുക്രെയ്നിലെ സാപ്പോറിഷ്യയിൽ സിവിലിയൻ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റഷ്യൻ പട്ടാളം നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.
സാപ്പോറഷ്യയിലെ യുക്രെയ്ൻ ഗവർണർ ഒലക്സാണ്ടർ സ്റ്റാറുക്ക് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ നിയന്ത്രിത സാപ്പോറിഷ്യയിലേക്കു പോകുകയായിരുന്ന ദുരിതാശ്വാസപ്രവർത്തകരുടെ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തെത്തുടർന്നുണ്ടായ വലിയ ഗർത്തത്തിന്റെയും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും ചിത്രങ്ങൾ ഗവർണർ പുറത്തുവിട്ടു.
യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളായ ലുഹാൻസ്ക്, ഡോണറ്റ്സ്ക്, ഖേർസൺ, സാപ്പോറിഷ്യ എന്നിവ ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേർക്കുന്ന പ്രഖ്യാപനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പുവയ്ക്കുന്നതിനു മണിക്കൂറുകൾക്കു മുന്പായിരുന്നു സംഭവം.
യുക്രെയ്ൻ പ്രദേശങ്ങളെ നിയമവിരുദ്ധമായി കൂട്ടിച്ചേർക്കുന്നത് കൂടുതൽ ഉപരോധങ്ങൾക്കു കാരണമാകുമെന്ന് പാശ്ചാത്യ ശക്തികൾ റഷ്യയ്ക്കു മുന്നറിയിപ്പു നല്കിയിട്ടുണ്ട്. നാലു പ്രദേശങ്ങളും റഷ്യയിൽനിന്നു തിരിച്ചുപിടിക്കുമെന്നാണ് യുക്രെയ്ൻ വ്യക്തമാക്കിയിട്ടുള്ളത്.